
തൃശ്ശൂർ കൊടുങ്ങല്ലൂരിൽ അനുഗ്രഹ സ്പെഷ്യൽ സ്കൂളിൽ കൊല്ലപ്പെട്ട അന്തേവാസി ശ്രീനാഥ് നേരിട്ടത് ക്രൂരമർദനം. ശ്രീനാഥിനെ നിയന്ത്രിക്കാൻ കെയർ ടേക്കർ മഹേഷ് വടി ഉപയോഗിച്ച് മർദിക്കുന്നത് പതിവാണ്. മർദനത്തിൽ ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമാണ് മരണകാരണം. ഇന്നലെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്ത മഹേഷിനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. അതിദാരുണമായ സംഭവമാണ് കൊടുങ്ങല്ലൂരിൽ നടന്നിരിക്കുന്നത്. രണ്ട് ദിവസം മുൻപാണ് ഈ സ്കൂളിലെ മുറിയിൽ ശ്രീനാഥിനെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ നടക്കുമ്പോഴടക്കം ശ്രീനാഥിന്റെ ശരീരത്തിലെ മുറിവുകൾ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഇന്നലെയാണ് ശ്രീനാഥിന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. അതിലാണ് ശ്രീനാഥിന്റെ ശരീരത്തിൽ ഗുരുതരമായ മുറിവുകളും പരിക്കുകളും ഉണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.
സംഭവത്തിൽ അറസ്റ്റിലായ കെയർടേക്കർ മഹേഷ് തിരുവനന്തപുരം പൂന്തുറ സ്വദേശിയാണ്. 3 മാസക്കാലമായി മഹേഷ് ഇവിടെയാണ് ജോലി ചെയ്യുന്നത്. 2018 ൽ ആരംഭിച്ച സ്ഥാപനം രജിസ്ട്രേഷനോട് കൂടിയാണ് പ്രവർത്തിക്കുന്നത്. ഇരിങ്ങാലക്കുട സ്വദേശിയാണ് സ്ഥാപനത്തിന്റെ ഉടമ. ഇവിടെയുള്ള അന്തേവാസികളെ മർദിക്കുന്നത് പതിവാണെന്നും ഭിന്നശേഷിക്കാരായ അന്തേവാസികൾ കരയുന്നത് കേൾക്കാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പല തവണ പൊലീസെത്തി പരിശോധിക്കുകയും കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്തിരുന്നുവെന്നും ഇവർ വ്യക്തമാക്കുന്നു. വലിയ ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

