
തലശ്ശേരി ഉസ്സൻമെട്ടയിലെ സിപിഎം പ്രവർത്തകൻ യുകെ സലിം വധക്കേസിൽ പ്രതികളായ ആറ് എസ്ഡിപിഐ പ്രവർത്തകരെ തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി വെറുതെ വിട്ടു. കെവി ലത്തീഫ്, ഇപി അബ്ദുള്ള, സക്കീർ ഹുസ്സൈൻ, പി നാസർ, ഷാബിൽ, മുഹമ്മദ് ഹിഷാം എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 2008 ജൂലൈ 23-ന് രാത്രി 8.30ഓടെയാണ് സലിം കുത്തേറ്റ് മരിച്ചത്. ഡിവൈഎഫ്ഐ പോസ്റ്ററിന് മുകളിൽ എൻഡിഎഫിന്റെ പോസ്റ്റർ ഒട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സലിമിന്റെ കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
എന്നാൽ ഈ കൊലപാതകത്തിന് 2006-ലെ പ്രമാദമായ ഫസൽ വധക്കേസുമായി ബന്ധമുണ്ടെന്ന ഗൗരവകരമായ ആരോപണങ്ങൾ കോടതിയിൽ ഉയർന്നിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎം ആണെന്നും ഫസൽ വധക്കേസിലെ വിവരങ്ങൾ സലിം പുറത്തുപറയുമോ എന്ന ഭയമാണ് ഇതിന് കാരണമെന്നും സലിമിന്റെ പിതാവ് തന്നെ കോടതിയിൽ മൊഴി നൽകി.
സലിമിന് മുൻപ് മരിച്ച സുഹൃത്ത് റഹീസിന്റേത് അപകടമരണമല്ലെന്നും ഫസൽ വധവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാമായിരുന്നതിനാൽ റഹീസിനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് ആരോപിച്ചു. അക്കാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച ഈ ആരോപണങ്ങൾ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ തള്ളിക്കളഞ്ഞിരുന്നു. കൊലപാതകം നടന്ന സമയത്ത് നൽകിയ മൊഴിയിൽ പിതാവ് ഇത്തരം കാര്യങ്ങൾ പറഞ്ഞിരുന്നില്ലെന്നായിരുന്നു സിപിഎം നേതാക്കളുടെ പ്രതികരണം.

