
മണിയൂർ അട്ടക്കുണ്ടിനടുത്തുള്ള ‘പ്ലാൻ്റേറ ‘ ഇന്നൊരു സ്നേഹ കൂട്ടായ്മയുടെ കൂടാരമാണ്. വായന പക്ഷാചരണത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിന്ന പുസ്തക ചർച്ച ഈ പുഴയോര മണ്ണിനെ പുസ്തക മണമുള്ള ഇടമാക്കി മാറ്റി. തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ തുടർച്ചയായ 6 ദിവസങ്ങളിൽ 6 പുസ്തകങ്ങളാണ് ഇവിടെ ചർച്ചചെയ്യപ്പെട്ടത്. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, കല്യാണിയെന്നും ദാക്ഷായണിയെന്നും പേരുള്ള രണ്ടു സ്ത്രീകളുടെ കത, അധ്യാപകകഥകൾ, ആത്രേയകം, തപോമയിയുടെ അച്ഛൻ, ബർത്ത്ഡേ സ്റ്റോറീസ് എന്നീ പുസ്തകങ്ങൾ യഥാക്രമം ലിജിത്ത് എൻ.എം, ഐ.പി പത്മനാഭൻ, അബ്ദുൾ റഷീദ് പാലക്കണ്ടി, നിഷാദ് വി.പി, വല്ലത്ത് ബാലകൃഷ്ണൻ, ഡോ. രാഗിഷ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. വായനയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ ദിവസവും ഒത്തുകൂടി. ജൂൺ 26 ന് ലോക ലഹരിവിരുദ്ധ ദിനത്തിൽ രാസ ലഹരിക്കെതിരെ ബോധവൽക്കരണം നടത്തി. ജൂലൈ 5 ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ പരിപാടിയോടെ വായന വസന്തം പരിപാടി സമാപിക്കും.ആളുകൾക്ക് ഒത്തുകൂടാനും സൗഹൃദം പങ്കിടാനും പൊതു ഇടങ്ങൾ കുറഞ്ഞുവരുന്ന ഇക്കാലത്ത് പൊതുജനങ്ങൾക്ക് കൂടി തുറന്നിടുന്ന ഈ സ്വകാര്യ ഇടം നാടിന് ഒരു പ്രതീക്ഷയാണ്. പ്ലാൻ, പ്ലാന്റ്, ടെറൈൻ എന്നീ മൂന്ന് വാക്കുകളിൽ നിന്നാണ് ‘പ്ലാൻ്റേറ ‘ എന്ന പേര് ഈ ഇടത്തിന് കൈവന്നത്.
റിട്ടയേർഡ്അധ്യാപകനായ രാജീവൻ കണ്ണമ്പത്ത് ആണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്. 2025 സെപ്റ്റംബർ 7 ന് അന്നത്തെ മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി. കെ അഷറഫ് ഉദ്ഘാടനം ചെയ്ത ഈ സംരംഭത്തിന് പിന്നിൽ അധ്യാപികയായ ഭാര്യ സിന്ധുവും കാർഷിക ഗവേഷകയായ മകൾ ദേവികയും ആർക്കിടെക്റ്റായ മകൻ ഹരിദേവും പൂർണ്ണ പിന്തുണയുമായുണ്ട്. പ്രദേശത്തെ മൂന്ന് ലൈബ്രറികളുടെ സാംസ്കാരിക ഒത്തുകൂടലുകൾ, മണിയൂർ PEC പ്രൈമറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പഠനയാത്രയുടെ ഒത്തുകൂടൽ, തിരഞ്ഞെടുപ്പ് കാലത്ത് ലീഡേഴ്സ് മീറ്റ്, വിവിധ അനുമോദനങ്ങൾ ഇതുകൂടാതെകുറുന്തോടി എൽ പി സ്കൂളിന്റെ പരിസ്ഥിതി ക്യാമ്പ് എന്നിവയ്ക്ക് പ്ലാൻ്റേറ വേദിയായിട്ടുണ്ട്. ഞായറാഴ്ചകളിൽ പ്രദേശത്തെ ഗായകർക്ക് ഒത്തുകൂടി പാട്ട് പരിശീലിക്കാനുള്ള അവസരവും തുടർച്ചയായി നടന്നു വരുന്നു. പുഴ, കുന്ന്, പാടം, വ്യത്യസ്ത കൃഷികൾ, മത്സ്യബന്ധനം എല്ലാം ഒത്തുചേർന്ന ഈ പ്രകൃതിരമണീയ പ്രദേശം അടുത്തറിയാൻ ആഗ്രഹിക്കുന്ന പഠിതാക്കൾക്ക് ഇടത്താവളമൊരുക്കാൻ ‘പ്ലാൻ്റേറ ‘ എന്നും സന്നദ്ധമാണ്.

