
വടകര: വടകര നഗരസഭയ്ക്ക് കീഴിൽ ഹരിത വടകര എന്ന പരിസ്ഥിതി സംഘടനയും ട്രീബ്യൂട്ട് ബൈ ബ്രോണറ്റ് ഗ്രൂപ്പും ചേർന്ന് ‘ഗ്രീനിങ്ങ് വടകര’ പദ്ധതി നടപ്പിലാക്കുന്നു. നഗരസഭയിലെ എല്ലാ വീട്ടുവളപ്പിലും ഓരോ വൃക്ഷത്തൈ വീതം നട്ട് സംരക്ഷിക്കുന്ന പദ്ധതിയാണ് ഇത്. ബഡ് ചെയ്യാത്ത മാവ്, പ്ലാവ്, റമ്പൂട്ടാൻ, മംഗോസ്റ്റിൻ, പേരക്ക, സപ്പോർട്ട തുടങ്ങിയ നാടൻ ഫലവൃക്ഷ തൈകളാണ് നടുക.
ഒരു സംഘം വന്ന് വീട്ടുവളപ്പിൽ കുഴിയെടുത്ത്, വൃക്ഷത്തൈ നട്ട്, മണ്ണ് മൂടി, ആദ്യ നന നനച്ചു പോകും. വീട്ടുടമ പിന്നീട് ആ തൈ സംരക്ഷിച്ചാൽ മതി. വൃക്ഷത്തയുടെ ഉടമയും സംരക്ഷകരും എന്ന പേരിൽ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകളും ശേഖരിക്കും. വീട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പ് ഡിവിഷൻ അടിസ്ഥാനത്തിൽ രൂപീകരിച്ച് ഓരോ മൂന്നുമാസത്തെയും വളർച്ച പ്രകടമാക്കുന്ന വൃക്ഷത്തയുടെ ഫോട്ടോയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെക്കും.
പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ പി കെ ശശി അദ്ദേഹത്തിൻറെ വീട്ടുമുറ്റത്ത് നിർവഹിച്ചു. ഹരിത വടകരയുടെ കോഡിനേറ്റർ വടയക്കണ്ടി നാരായണൻ അധ്യക്ഷനായി. ട്രീബ്യൂട്ട് പ്രതിനിധി എം റസീല പദ്ധതി വിശദീകരിച്ചു.സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ഹരിത സന്ദേശം നൽകി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഇകെ രമണി, കൗൺസിലർ ബിജു ആയടത്തിൽ, പവിത്രൻ വണ്ണാറത്ത് തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ സഫീറ നസീർ സ്വാഗതവും സി പി ചന്ദ്രൻ നന്ദിയും പറഞ്ഞു. ആദ്യദിവസം തന്നെ 50 വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു. ഒന്നാംഘട്ടത്തിൽ ഓരോ ഡിവിഷനിലും ഓരോ ദിവസമാണ് വൃക്ഷത്തൈകൾ നടുക. പിന്നീട് ബാക്കിയുള്ള മുഴുവൻ വീട്ടുവളപ്പിലും നടും. ഒരു ദിവസം 50 മുതൽ 60 വരെ തൈകളാണ് നടുക.

