
കോട്ടപ്പള്ളി: കാവിൽ – തീക്കുനി റോഡിലെ കോട്ടപ്പള്ളി പോക്കർ പീടിക സ്റ്റോപ്പിൽ റോഡരികിലെ പടുമരം ഡ്രൈവർമാർക്ക് ഭീഷണിയാകുന്നു.
പോക്കർ പീടിക ബസ് സ്റ്റോപ്പിന് സമീപത്തെ പൊതുസ്ഥലത്ത് നിൽക്കുന്ന മരം കാരണം ഡ്രൈവർമാർക്ക് കാഴ്ച മറയുന്നതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് വാഹനങ്ങൾ ഇറങ്ങുമ്പോൾ വലതുവശത്ത് റോഡിനോട് ചേർന്ന് നിൽക്കുന്ന ഈ മരം വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കാത്തതിനാൽ ഈ ഭാഗത്ത് മുൻപും വാഹനാപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. പലപ്പോഴും വാഹനയാത്രക്കാർ തലനാരിഴയ്ക്കാണ് വലിയ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു.
കാലവർഷം കടുക്കുന്നതോടെ മരം കടപുഴകി വീഴാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. അപകടസാധ്യത മുന്നിൽക്കണ്ട് മരം മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

