
കണ്ണൂര്‍:കര്‍ണാടകയില്‍നിന്നുള്ള മൂന്ന് ഫാര്‍മസി വിദ്യാര്‍ഥികള്‍ പയ്യാമ്പലത്ത് കടലില്‍ മുങ്ങിമരിച്ചു. ഹാസന് ഹൊളെ നര്സിപ്പുരിലെ തന്‍വീര്‍ അഹമ്മദിന്റെ മകന് അഫ്നാന് അഹമ്മദ് (26), ഹൈദരാബാദിലെ മുഹമ്മദ് നയിമുദ്ദീന്റെ മകന് മുഹമ്മദ് റഹാനുദ്ദീന്‍ (26), ചിത്രദുര്‍ഗയിലെ മുഹമ്മദ് അന്‍വറിന്റെ മകന് മുഹമ്മദ് അഫ്റോസ് (25) എന്നിവരാണ് മരിച്ചത്.ബെംഗളൂരു ലാല്‍ബാഗ് അല്‍ അമീന് കോളേജ് ഓഫ് ഫാര്‍മസിയിലെ വിദ്യാര്‍ഥികളാണ് മൂവരും. കോഴ്സിന്റെ ഭാഗമായുള്ള ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഇവര്‍. മുഹമ്മദ് റഹാനുദ്ദീന്റെ പിറന്നാള്‍ദിനമായിരുന്നു ശനിയാഴ്ച.

ഞായറാഴ്ച രാവിലെ 11-ഓടെ കടലില്‍ കുളിക്കുന്നതിനായി കഴുത്തോളം വെള്ളത്തിലിറങ്ങിയ രണ്ടുപേര്‍ തിരയില്‍ പെട്ടു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മൂന്നാമനും കടലില്‍ കുടുങ്ങിയത്.സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ച് എന്ന നിലയില്‍ പ്രശസ്തമാകുമ്പോഴും കണ്ണീരുണങ്ങാതെ പയ്യാമ്പലം. ചരിത്രമുറങ്ങുന്ന പഞ്ചാരമണല്ത്തീരത്തിന്റെ സൗന്ദര്യം നുകരാന്‍ വിദേശത്തുനിന്നുപോലും സഞ്ചാരികള്‍ എത്തുന്നുണ്ട്. കടലില്‍ കുളിച്ച് പരിചയമില്ലാത്തവരാണ് അപകടത്തില്‍ പെടുന്നവരില്‍ അധികവും. കുളത്തിലോ പുഴയിലോ നീന്തിക്കുളിച്ച പരിചയവുമായി പയ്യാമ്പലം പോലെ ശക്തമായ തിരയുള്ള കടലില്‍ ഇറങ്ങുന്നത് അപകടമാണ്. കടലിന്റെ കരുത്ത് തിരിച്ചറിയാതെ തിരയുടെ ലാളനയില്‍ മുന്നറിയിപ്പുകള്‍ മറക്കുന്നവര്‍ക്ക് പലപ്പോഴും ഇതിന് വിലയായി നല്‍കേണ്ടിവരുന്നത് സ്വന്തം ജീവന് തന്നെയാണ്.

