
മേപ്പയ്യൂർ: 26 വർഷത്തെ വനസേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന തൃശ്ശൂർ ഒളകര ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മേപ്പയൂർ കൂനംവള്ളി കാവിലെ സി കെ രാജേന്ദ്രന് സഹപ്രവർത്തകർ ഒരുക്കിയത് പ്രകൃതിസൗഹൃദവും മാതൃകാപരവുമായ യാത്രയയപ്പായിരുന്നു. പതിവ് യാത്രയയപ്പ് ചടങ്ങുകളിൽ നിന്ന് വ്യത്യസ്തമായി, കാടിനെ കൂടുതൽ ഹരിതാഭമാക്കാനുള്ള സന്ദേശം പകർന്നുകൊണ്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്.ആഞ്ഞിലി, പ്ലാവ്, മാവ് തുടങ്ങിയ നാടൻ വൃക്ഷങ്ങളുടെ വിത്തുകൾ ജൈവവളക്കൂട്ടുകളും പ്രകൃതിദത്ത ഘടകങ്ങളും ചേർത്ത് പ്രത്യേക രീതിയിൽ വിത്തുണ്ടകളാക്കി. തുടർന്ന് സി. കെ. രാജേന്ദ്രനും കുടുംബാംഗങ്ങളും സഹപ്രവർത്തകരും ചേർന്ന് ഈ വിത്തുണ്ടകൾ വനപ്രദേശത്തേക്ക് വലിച്ചെറിഞ്ഞു. കാലക്രമേണ ഇവ മുളച്ച് പുതിയ വൃക്ഷങ്ങളായി വളരുമെന്ന പ്രതീക്ഷയാണ് ഈ പ്രവർത്തനത്തിന് പിന്നിൽ.വനസംരക്ഷണത്തിനും പ്രകൃതി

പരിപാലനത്തിനുമായി ജീവിതത്തിന്റെ മികച്ച വർഷങ്ങൾ സമർപ്പിച്ച സി. കെ. രാജേന്ദ്രൻ, തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിനവും പ്രകൃതിയോട് ചേർന്ന് ആഘോഷിച്ചതാണ് ചടങ്ങിന്റെ പ്രത്യേകത. സേവനകാലത്ത് വനസംരക്ഷണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, വിരമിക്കൽ വേളയിലും പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം ഉയർത്തിപ്പിടിച്ച് മാതൃകയായി.
യാത്രയയപ്പ് ചടങ്ങ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഭദ്രൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പ്രതീഷ്, ലിന്റോ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ
ഹക്കീം, ശ്രീജിത്ത്, സുമേഷ്, ഹരികൃഷ്ണൻ, സന്ദീപ്, സുജിത്ത്, രതീഷ് വാച്ചർമാരായ സന്തോഷ് ,രജനി
മണി, രതീഷ്, വിജയൻ കുടുംബാംഗങ്ങളായ ബിനിഷ ടി ടി, വടയക്കണ്ടി നാരായണി, ബാബു കൂത്താളി, ബിജു മൂഴിക്കൽ എന്നിവർ പങ്കെടുത്തു. പ്രകൃതിയോടുള്ള സ്നേഹവും സാമൂഹിക ഉത്തരവാദിത്വവും ഒരുപോലെ വിളിച്ചോതുന്ന ഈ യാത്രയയപ്പ് ചടങ്ങ് ശ്രദ്ധേയമായി.

