
വടകര: ലഹരി വിരുദ്ധ ക്യാമ്പസ് എന്ന മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസ് ചോറോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളുടെ സമീപ പ്രദേശങ്ങളിൽ ലഹരി വിമുക്ത ബോധവൽക്കരണവും, ലഘുലേഖയും വിതരണം ചെയ്തു. ചോറോട് ഹയർസെക്കൻഡറി സ്കൂളിന് മുന്നിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് വടകര നിയോജക മണ്ഡലം പ്രസിഡന്റ് സി. നിജിൻ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാനുമായി പൊതുജനങ്ങൾ എല്ലാവരും സഹകരിക്കുകയാണെങ്കിൽ ലഹരി എന്ന മഹാവിപത്തിൽ നിന്നും കേരളത്തെ രക്ഷിക്കാൻ നമുക്ക് സാധിക്കും എന്നും,യുവതലമുറയെ ലഹരിവസ്തുക്കളോട് നോ പറയാൻ പ്രേരിപ്പിക്കണം എന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സി. നിജിൻ സംസാരിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിബിൻ രാജ് അധ്യക്ഷത വഹിച്ചു.രാജേഷ് ചോറോട്, പ്രഫുൽ ദേവ്, അഖിൽ നാഥ്, ഷാജഹാൻ, അരുൺ നാഥ്, ഷിജു ടി കെ തുടങ്ങിയവർ പങ്കാളികളായി.

