
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഒലവക്കോട്ടെ റെയിൽവേ ഡിവിഷൻ ആസ്ഥാനത്തേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ ശക്തമായ ഉപരോധ സമരം നടത്തുന്നു. ഓഫീസിലെ ഒരൊറ്റ ജീവനക്കാരനെയും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കർശന നിലപാടിലാണ് സമരക്കാർ. റെയിൽവേ ഡിവിഷൻ ഓഫീസിന്റെ എല്ലാ ഗേറ്റുകളും ഉപരോധിച്ചുകൊണ്ട് ആരംഭിച്ച സമരം, പിന്നീട് പ്രവർത്തകർ ആസ്ഥാനത്തിനുള്ളിലേക്ക് തള്ളിക്കയറി കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന ഘട്ടത്തിലേക്ക് കടന്നു രാജ്യത്ത് ഏറ്റവും കൂടുതൽ വരുമാനമുള്ള റെയിൽവേ ഡിവിഷനുകളിലൊന്നായ പാലക്കാടിനെ തകർക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ഡിവൈഎഫ്ഐ ആരോപിക്കുന്നു. പാലക്കാട് ഡിവിഷന് കീഴിലുള്ളതും ഏറ്റവും കൂടുതൽ വരുമാനം നൽകുന്നതുമായ മംഗലാപുരം സെൻട്രൽ, മംഗലാപുരം ജംഗ്ഷൻ, പനമ്പൂർ റെയിൽവേ സ്റ്റേഷനുകൾ അടർത്തിയെടുത്ത് കർണാടകയിലെ മൈസൂരു ഡിവിഷനിൽ ലയിപ്പിക്കാനാണ് കേന്ദ്ര നീക്കം. കർണാടക തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നാണ് ആക്ഷേപം. പാലക്കാട് ഡിവിഷന്റെ ആകെ വരുമാനത്തിന്റെ 50 മുതൽ 60 ശതമാനം വരെ സംഭാവന ചെയ്യുന്നത് മംഗലാപുരം മേഖലയിലെ ഈ സ്റ്റേഷനുകളാണ്. ഇവ വിഭജിക്കപ്പെടുന്നതോടെ പാലക്കാട് ഡിവിഷന് പ്രതിവർഷം 1100 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാകും. ഭാവിയിൽ വരുമാനമില്ലാത്ത ഡിവിഷൻ എന്ന് ചൂണ്ടിക്കാണിച്ച് പാലക്കാടിനെ പൂർണ്ണമായി അവഗണിക്കാനും വികസന പദ്ധതികൾ നിഷേധിക്കാനും ഇത് കാരണമാകും. പുതിയ വികസന പദ്ധതികൾ ആരംഭിക്കാൻ പാലക്കാട് ഡിവിഷന് കീഴിൽ 225 ഏക്കറോളം ഭൂമി ലഭ്യമായിരിക്കെയാണ് ഈ അവഗണന.

