
ഇൻവോൾവ് കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി വടകരയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് വടകര മേഖലയിലെ തെരഞ്ഞെടുത്ത യു പി സ്കൂളുകളിൽ നടപ്പിലാക്കുന്ന “സ്മാർട്ട് ലേണിംഗ്” സിഗ്നേച്ചർ പ്രോജക്ടിന് തുടക്കമായി. പ്രോജക്ടിന്റെ ആദ്യഘട്ടത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഗവ. മാപ്പിള യു പി തിരുവള്ളൂർ, മുതുവന യു പി, തട്ടോളിക്കര യു പി, വൈക്കിലശ്ശേരി യു പി, ചീനംവീട് യു പി, പുതുപ്പണം എസ് ബി എന്നീ ആറ് സ്കൂളുകളിൽ സ്മാർട്ട് ടി വി കൾ ഉൾപ്പെടെയുള്ള ഇന്ററാക്ടിവ് ലേണിംഗ് ഫെസിലിറ്റി ഇൻവോൾവ് ഒരുക്കി സമ്മാനിച്ചു.ഒരു വർഷം നീണ്ട ഇൻവോൾവ് ദശവാർഷികാഘോഷ പരിപാടികളുടെ സമാപനം കുറിച്ച് കൊണ്ട്, ജനുവരി 26 ഇൻവോൾവ് പത്താം വാർഷിക ദിനത്തിൽ തിരുവള്ളൂർ ഗവണ്മെന്റ് മാപ്പിള യു പി സ്കൂളിൽ നടന്ന ചടങ്ങിൽ വെച്ച് കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്മാർട്ട് ടി വി സ്വിച്ച് ഓൺ കർമ്മം തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ പി പി രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തോടന്നൂർ ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ കെ പ്രേമചന്ദ്രൻ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മെമ്പർ നാണു കൂമുള്ളി, സ്കൂൾ പി ടി എ പ്രസിഡന്റ് പ്രമോദ് എന്നിവർ ആശംസകൾ നേർന്നു. ഇൻവോൾവ് പ്രസിഡന്റ് മിഥുൻ ഹരിദാസ് ടി പി, പ്രോജക്ട് കൺവീനർ സ്വരൂപ് രയരോത്ത്, സംഘാടക സമിതി ജനറൽ കൺവീനർ ദീപേഷ് ഡി ആർ എന്നിവർ സംസാരിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ദിവ്യ ടീച്ചർ സ്വാഗതവും ഇൻവോൾവ് ജനറൽ സെക്രട്ടറി മിഥുൻ ദാസ് കെ നന്ദിയും പറഞ്ഞു.

