
ആയഞ്ചേരി: മണ്ഡലത്തിന്റെ സമഗ്ര മാറ്റത്തിനുള്ള ആലോചനയായി മാറി യുഡിഎഫ് സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല നേതൃത്വം നല്കിയ വിഷന്‍ കുറ്റ്യാടി വിദഗ്ധ സംഗമം. കുറ്റ്യാടി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധര്‍ വിവിധ മേഖലകളില്‍ തങ്ങളുടെ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.
ഒളോര്‍ മാങ്ങയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ച് പി.കെ രാധാകൃഷ്ണന് ചര്‍ച്ചയുടെ ശ്രദ്ധയില്‍പ്പെടുത്തി. വരാനിരിക്കുന്ന നാളികേര പാര്‍ക്കില്‍ ഒളോറിനൊപ്പം റംബൂട്ടാന്, മാംഗോസ്റ്റിന് ഉള്‍പ്പെടെ ഫലങ്ങളുടെ സാധ്യതകള്‍ കണ്ടെത്തുന്നതിനായി റിസര്‍ച്ച് വിഭാഗം ഒരുക്കാന്‍ ശ്രമിക്കുമെന്ന് പാറക്കല്‍ അബ്ദുല്ല മറുപടി പറഞ്ഞു. നാളികേര മേഖലയിലെ വിവിധ വിഷയങ്ങള്‍ ശശി മാസ്റ്ററും നെല്‍കൃഷി സംബന്ധിച്ച് പത്മനാഭനും സംസാരിച്ചു. ഡോ. കബീര്‍, ഡോ. മുഹമ്മദ് ഫൈഹാദ് എന്നിവര്‍ ആരോഗ്യമേഖലയിലെ വിവിധ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി. സ്ത്രീശാക്തീകരണം സംബന്ധിച്ച് അനീഷ പ്രദീപ് സംസാരിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പൊലീസ് സ്റ്റേഷന് സ്ഥാപിക്കണമെന്ന് റെജിനെ മടിയേരി ആവശ്യപ്പെട്ടു.
ഓട്ടോ, ടാക്സി, തൊഴില്‍ മേഖലയിലെ വിവിധ വിഷയങ്ങള്‍ ഇ.ടി.പി ഇബ്റാഹിം ചൂണ്ടിക്കാട്ടി. എല്ലാ ആശുപത്രികളിലും തൊഴിലാളിള്‍ക്കായി പ്രത്യേക ഇന്‍ഷുറന്‍സ് വിഭാഗം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംരംഭകര്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ബിജു ടി.എന്‍, സലീന എം.ടി, മജീദ് എന്നിവര്‍ പാറക്കല്‍ അബ്ദുല്ലയുടെ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസ മേഖലയെക്കുറിച്ച് സാദിഖ് മാസ്റ്റര്‍, ഹാരിസ്, അയ്മന് ഹദിയ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വിഷയങ്ങള്‍ ഇബ്റാഹിം മുറിച്ചാണ്ടി, കെ.പി അന്ത്രു എന്നിവരും സോഷ്യല്‍ മീഡിയ സംബന്ധിച്ച് അഫ്ലഹും സംസാരിച്ചു. അഡ്വ. ബിലാല്‍ മുഹമ്മദ് മോഡറേറ്ററായിരുന്നു. ഷംസീര്‍ കേളോത്ത് നന്ദി പറഞ്ഞു.

