
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ കുട്ടികളെ ഉപയോഗിച്ച് പണം സമ്പാദിക്കുന്ന ഭിക്ഷാടന മാഫിയ സജീവമാകുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഭിക്ഷാടന സംഘത്തിലുണ്ട്. എങ്ങനെയായാലും പണം നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരെ പറഞ്ഞുവിടുന്നത്. യാചന മാത്രമല്ല, പിറകെ നടന്നും കാറില്‍ കയറിയും റസ്റ്ററന്റുകളിലെ തീന് മേശകളില്‍ കയ്യിട്ടുവാരിയും ഉപദ്രവമുണ്ടാക്കുന്ന തരത്തിലേക്ക് ഇവരുടെ യാചന ചിലപ്പോള്‍ എത്താറുണ്ട്.

ഒരു ദിവസം ഈ കുട്ടികളുടെ ഭിക്ഷാടനത്തിന്റെ കളക്ഷന്‍ മൂവായിരം മുതല്‍ പതിനായിരം രൂപ വരെയാണെന്നാണ് വിവരം. കിട്ടുന്ന ചില്ലറകള്‍ സമീപത്തെ ഹോട്ടലുകളില്‍ നല്കി നോട്ടുകളാക്കാറുണ്ട്. ആയിരവും ചിലപ്പോള്‍ അതിലേറെയും ചില്ലറയായി കിട്ടാറുണ്ടെന്നാണ് കടക്കാര് പറയുന്നത്.

ഇതൊരു വലിയ ലോബിയാണെന്നാണ് വ്യക്തമാകുന്നത്. രാവിലെ എട്ട് മണിയോടെ ബീച്ചില്‍ കോര്പ്പറേഷന് ഓഫീസിനോട് ചേര്‍ന്ന് ഒരു ചെറിയ വാനിലാണ് കുട്ടികളെ എത്തിക്കുന്നത്. കുറെ കളിപ്പാട്ടങ്ങളുമായി നാടോടികളായ മനുഷ്യരും കൂടെയുണ്ട്. വലിയവര്‍ കളിപ്പാട്ടങ്ങളും മറ്റും വില്ക്കുമ്പോള് കുട്ടികളെ ഭിക്ഷാടനത്തിന് അയക്കുകയാണ് ചെയ്യുന്നത്. ഇവരുടെ മലമൂത്ര വിസര്‍ജ്ജനമടക്കം സര്‍വ്വതും റോഡില്‍ തന്നെയാണ്.

കുട്ടികളെ ഉപയോഗിച്ച് ലക്ഷങ്ങള്‍ കൊയ്യുന്ന ലോബികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സൂചന. ഈ കുഞ്ഞുങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ എത്രയും വേഗം ഇടപെടേണ്ടതുണ്ട്.

