
പയ്യോളി: നഗരസഭയും പരിസ്ഥിതി പയ്യോളിയും ചേർന്ന് വിവിധ ഘടകങ്ങളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ആശയം ജനങ്ങളിലേക്ക് എത്തിക്കാനായി കലാ സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. അഭിനയം, ആലാപനം, നൃത്തം, ചിത്രരചന, എഴുത്ത്, ഛായാഗ്രഹണം, മാന്ത്രിക വിദ്യ തുടങ്ങിയവയിൽ പ്രാവീണ്യം നേടിയ തെരഞ്ഞെടുത്ത ആളുകളെ ഉൾപ്പെടുത്തിയാണ് ശില്പശാല നടത്തിയത്. ഒരു ദിവസം നീണ്ടുനിന്ന ശില്പശാലയിലൂടെ അവതരണ ഗാനം, തെരുവ് നാടകം, ചിത്രരചന, ഏകാങ്ക നാടകം, സംഗീതശില്പം, നാടൻപാട്ട്, മാപ്പിളപ്പാട്ട്, മാജിക് എന്നിവ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി.
ശില്പശാല സിനിമ സംവിധായകൻ പപ്പൻ നരിപ്പറ്റ ഉദ്ഘാടനം ചെയ്തു.
നഗരസഭ ഉപാധ്യക്ഷൻ മുജേഷ് ശാസ്ത്രി അധ്യക്ഷനായി. പരിസ്ഥിതി പയ്യോളി സെക്രട്ടറി വിജയൻ പെരിങ്ങാട് ഹരിത ഭവനം വിശദീകരണം നടത്തി. പ്രസിഡൻറ് വടയക്കണ്ടി നാരായണൻ, ജോ. സെക്രട്ടറി ഇരിങ്ങൽ അനിൽകുമാർ, രാജൻ കൊളാവിപ്പാലം, മുസദിക്ക് പയ്യോളി, കെ പി വഹാബ് തുടങ്ങിയവർ സംസാരിച്ചു. കലാസാഹിത്യ സംഘത്തിൻറെ നേതാവായി സിസി ചന്ദ്രനെയും ഉപ നേതാവായി പ്രശോഭ് നന്മയെയും മാനേജർ ആയി ദിലീപ് കീഴൂരിനെയും കോഡിനേറ്റർ ആയി പിടി സമീറയെയും തെരഞ്ഞെടുത്തു. ജയൻ മൂരാട്, എസ് അശോക് കുമാർ, ശ്രീജില കീഴൂർ, വി വി രാമചന്ദ്രൻ, എൻ ടി മുജീബ്, അജിത്ത് പുന്നോളി തുടങ്ങിയവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. പൊതുസ്ഥലങ്ങളിലും ഡിവിഷൻ, ക്ലസ്റ്റർ തല കൺവെൻഷനുകളിലും ആണ് പരിപാടികൾ അവതരിപ്പിക്കുക.

