
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി. കാര്യമായ തർക്കങ്ങൾ ഇല്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കി തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തും വ്യക്തമായി മുന്നേറി കഴിഞ്ഞു ഇടതുമുന്നണി. അതേസമയം വിമത ശല്യമാണ് ജില്ലയിൽ യുഡിഎഫിന് തലവേദന സൃഷ്ടിക്കുന്നത്.സിപിഐഎം-സിപിഐ – കേരള കോൺഗ്രസ് എം. ഉൾപ്പെടെയുള്ള കക്ഷികൾ തികഞ്ഞ യോജിപ്പോടെയാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഉൾപ്പെടെ സീറ്റ് വിഭജനം പൂർത്തിയാക്കിയത്. 6 നഗരസഭകളിലും, 11 ബ്ലോക്ക് പഞ്ചായത്തിലും, 71 ഗ്രാമ പഞ്ചായത്തിലും കാര്യമായ തർക്കങ്ങൾ ഇല്ലാതെ സീറ്റ് ധാരണയിൽ എത്താൻ ഇടതുമുന്നണിക്ക് കഴിഞ്ഞു. തികഞ്ഞ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്. ജില്ലയിൽ ഇക്കുറി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ നേട്ടം ഉണ്ടാകുമെന്ന് ജോസ്.കെ.മാണി വ്യക്തമാക്കി.അതേ സമയം ജില്ലയിൽ 39 ഇടത്താണ് യുഡിഎഫിൽ വിമത ശല്യം തലവേദന സൃഷ്ടിക്കുന്നത്. എരുമേലി പഞ്ചായത്തിൽ മൂന്നിടത്താണ് യുഡിഎഫ് വിമതൻമാരുള്ളത്. കോട്ടയം നഗരസഭാ ചെയർപേഴ്സണ് എതിരെയും വിമതൻ മത്സരിക്കുന്നുണ്ട്. മുന്നിലവ് ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസിലെ വിമതൻ ഔദ്യോഗി സ്ഥാനാർത്ഥിയായി. ആദ്യം തീരുമാനിച്ചയാൾ വിമതനായും മത്സരിക്കുന്നു. ഇരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലും, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലും വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് സഖ്യത്തിലാണ്. എൻഡിഎ മുന്നണിയിലും ബിജെപി – ബിഡിജെഎസ് തർക്കം രൂക്ഷമാണ്. ബിജെപി ഭരിക്കുന്ന പള്ളിക്കത്തോട് പഞ്ചായത്തിൽ ബിഡിജെഎസ് സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

