എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലെ പ്രസിഡന്റ് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. തൃശ്ശൂർ എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് ആണ് കോൺഗ്രസിൽ ചേർന്നത്. പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്ന് കഴിഞ്ഞദിവസം സിപിഐഎമ്മിൽ നിന്ന് ജിയോ ഫോക്സിനേ പുറത്താക്കിയിരുന്നു. ഇന്ന് കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ എത്തി അംഗത്വം നൽകി.

നേരത്തെ കോൺഗ്രസ് വിട്ട് പുറത്തുവന്ന ജിയോ ഫോക്സിനെ സിപിഐഎം ടിക്കറ്റിൽ മത്സരിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് ആക്കിയത്. മണലൂർ നിയമസഭാ സീറ്റ് വേണമെന്ന് ജിയോ ഫോക്സ് ആവശ്യപ്പെട്ടതോടെയാണ് സിപിഐഎമ്മുമായി പ്രശ്നങ്ങൾ ഉടലെടുത്തത്.തുടർന്ന് വീണ്ടും യുഡിഎഫിലേക്ക് പോകുന്നതിനുള്ള നീക്കമുണ്ടെന്ന് കഴിഞ്ഞദിവസം ജിയോ ഫോക്സ് പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐഎം ജിയോ ഫോക്സിനെതിരെ നടപടി സ്വീകരിച്ചത്.അതേസമയം ഇന്നലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയോട് വിയോജിച്ച് വരന്തരപ്പിള്ളിയില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കലുങ്ക് സംവാദത്തില്‍ പങ്കെടുത്ത ബിജെപി പ്രവര്‍ത്തകരാണ് സംവാദത്തിന്റെ അടുത്ത ദിവസം പാര്‍ട്ടി വിട്ടത്. പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരാണ് പാര്‍ട്ടി വിട്ടത്.ബിജെപി ഭരിക്കുന്ന വേലുപ്പാടം വാര്‍ഡില്‍ നിന്നുള്ള സജീവ ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍. ഈ മാസം 18നായിരുന്നു വരന്തരപ്പിള്ളി പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ കലുങ്ക് സംവാദം നടന്നത്. പിറ്റേന്ന് 19നാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സുരേഷ് ഗോപി സംവാദത്തിനിടെ അപമാനിച്ചതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് പാര്‍ട്ടി വിട്ടവര്‍ പറഞ്ഞത്.

