ഡിസംബർ ആദ്യ വാരത്തിൽ വടകരയിൽ നടത്തുന്ന ഐപിഎം ഇന്റർ യൂനിവേഴ്സിറ്റി ചാലഞ്ചർ കപ്പ് ടൂർണമെന്റിന്റെ സ്വാഗതസംഘം രൂപികരിച്ചു. യോഗത്തിൽ ഊരാളുങ്കൽ സൊസൈറ്റി പ്രസിഡന്റ് രമേശൻ പാലേരി അധ്യക്ഷത വഹിച്ചു. നഗര സഭ വൈസ് ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ, മുൻ ദേശീയ കോച്ച് സേതുമാധവൻ, ചരിത്രകാരൻ പി.ഹരീന്ദ്രനാഥ്, പി.പി.രാജൻ മുതലായവർ സംസാരിച്ചു. നരേന്ദ്രൻ കൊടുവട്ടാട്ട്, വി.എം.ഷീജിത്ത്, രഞ്ജുമോൻ എന്നിവർ ടൂർണമെന്റിനെപ്പറ്റിയും സെമിനാറിനെപ്പറ്റിയുമുള്ള കൂടുതൽ വിവരങ്ങൾ വിശദീകരിച്ചു. വി.കെ.പ്രതോഷ് സ്വാഗതവും എ.ബിനു നന്ദിയും പറഞ്ഞു.

രമേശൻ പാലേരി ചെയർമാൻ ആയും പി.കെ.സതീശൻ മാസ്റ്റർ വൈസ് ചെയർമാൻ ആയും നരേന്ദ്രൻ കൊടുവട്ടാട്ട് ജനറൽ കൺവീനർ ആയും ഉള്ള 201 അംഗ സ്വാഗത സംഘം രൂപികരിച്ചു. 21 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 16 സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.വടകരയെ ദേശിയ യൂത്ത്/യൂണിവേഴ്സിറ്റി വോളി സർക്യൂട്ടിലേക്കു ഉയർത്തുക, കടത്തനാടൻ വോളിയുടെ ഉന്നമനത്തിനായി കർമ്മ പദ്ധതി നടപ്പിലാക്കുക, ഐപിഎം അക്കാദമി നൽകുന്ന സൗജന്യ സേവനങ്ങൾക്കായി ധനസമാഹരണം നടത്തുക എന്നിവയാണ് ടൂർണമെന്റിന്റെ മുഖ്യ ഉദ്ദേശങ്ങൾ.ഇന്ത്യയിലെ ഏറ്റവും പ്രമുഖ ആറു യൂണിവേഴ്സിറ്റികളുടെ പുരുഷ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. 2 ലീഗുകളിലായി മൊത്തം 7 മത്സരങ്ങളും വനിതാ ടീമുകളുടെ പ്രദർശന മത്സരവും ഉണ്ടായിരിക്കും. ടൂർണമെന്റിനോട് അനുബന്ധിച്ചു “കടത്തനാടൻ വോളിയുടെ ഭാവി – സാദ്ധ്യതകൾ, വെല്ലുവിളിക, കർമ്മ പദ്ധതികൾ” എന്ന വിഷയത്തെപ്പറ്റി 3 പാനൽ ചർച്ചകൾ ഉൾപ്പെടുന്ന സെമിനാറും ഉണ്ടാവും.മേപ്പയിൽ ഐപിഎം അക്കാദമിയിൽ വെച്ച് നടത്തപ്പെടുന്ന കളികൾ കാണാൻ പാസ് ആവശ്യമായിരിക്കും. കളികൾ എല്ലാം ഓൺലൈൻ ആയി തത്സമയം സംപ്രേഷണം നടത്തുന്നതിനു പുറമെ പ്രമുഖ പൊതു സ്ഥലങ്ങളിൽ വീഡിയോ വോൾ വഴി സൗജന്യമായി കാണിക്കാനും ഉദ്ദേശിക്കുന്നതായി സംഘാടകർ അറിയിച്ചു.

